ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്ഥലനാമ ചരിത്രം
മണിമലയാര്‍ ഈ ഗ്രാമത്തിന്റെ വടക്കും, ഇരവിയുടെ പെരിയ ഊരായ ഇരവിപേരൂര്‍ പടിഞ്ഞാറും, കോവിലപുരമായ കോയിപ്പുറവും, ഐതീഹ്യ പ്രസിദ്ധമായ എഴുമറ്റൂരും തെക്കും കിഴക്കുമുള്ള അതിര്‍ത്തികളില്‍ കോട്ടപോലെ കാവല്‍ നില്‍ക്കുന്നു. മഹത്തായ ഒരു ചരിത്ര പൈതൃകം പേറുന്ന ഈ ഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവത്തെപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്.
സ്ഥലപുരാണമനുസരിച്ച് ‘പുറകിലെ മുറ്റം’ പുറമുറ്റം ആകുകയും കാലാന്തരത്തില്‍ അത് ‘പുറമറ്റം’ എന്നായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് ഒരു ഭാഷ്യം. ഇതിന് പിന്നില്‍ വിശ്വസനീയമായ ഒരു ചരിത്രസത്യവും നിലനില്‍ക്കുന്നു.
കൊല്ലവര്‍ഷം ഒന്നാം ശതകത്തിന്റെ അവസാന കാലയളവില്‍ "കണ്ണന്‍ ചോവന്‍" എന്നൊരാള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു. വിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഉടമയായിരുന്ന ഇയാളുടെ പുരയുടെ പുറകിലെ മുറ്റത്തോട് ചേര്‍ന്ന് ഒരു ചെറിയ ചന്ത പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഈ ചന്ത ഗ്രാമത്തിലെ സുപ്രധാന വ്യാപാരകേന്ദ്രമായി വളരുകയും "പുറകിലെ മുറ്റം" എന്നറിയപ്പെട്ട പ്രദേശം "പുറമുറ്റം" ആയും പിന്നീട് "പുറമറ്റം" എന്നായും രൂപാന്തരപ്പെട്ടുവെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.
സാമൂഹിക ചരിത്രം
പഴയ തിരുവിതാംകൂറിലെ അജയ്യനായ ഭരണാധികാരി ചേരമാന്‍ പെരുമാള്‍ തന്റെ ഇഷ്ടതോഴനായ ഇടപ്പള്ളി തമ്പുരാന് ഇഷ്ടദാനമായി നല്‍കിയ അഞ്ച് ഭൂപ്രദേശങ്ങളില്‍ ഒന്നായിരുന്നു കല്ലൂപ്പാറ പ്രദേശം.
കല്ലൂപ്പാറ, പുറമറ്റം, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങാല്‍ എന്നീ അഞ്ച് ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ ആസ്ഥാനം കല്ലൂപ്പാറയായിരുന്നു. സുപ്രസിദ്ധമായ കല്ലൂപ്പാറ ദേവീക്ഷേത്രത്തിന്റെ മറുകരയിലായി മണിമലയാറിന്റെ തീരത്ത് പുറമറ്റം ഗ്രാമത്തിലായിരുന്നു ഇടപ്പള്ളിത്തമ്പുരാക്കന്മാരുടെ ആസ്ഥാനമാളിക.
തടിയില്‍ പണിതീര്‍ത്ത ഈ രാജവസതി "കുളിപ്പുര മാളിക" എന്നും വേനല്‍ക്കാല വസതി എന്നും അറിയപ്പെട്ടിരുന്നു. രാജാക്കന്മാര്‍ ഭരണനിര്‍വഹണം നടത്തിയിരുന്നത് ഈ മാളികയില്‍ നിന്നായിരുന്നു.
പുറമറ്റത്തിന്റെ പുരാണേതിഹാസം വിളിച്ചോതുന്ന ഈ മാളികയോട് ചേര്‍ന്ന് ഒരു മഠവും സ്ഥാപിച്ചിരുന്നു. വിസ്തൃതമായ കല്ലൂപ്പാറ പ്രദേശത്തിന്റെ ഭരണനിര്‍വഹണത്തിന് മണിമലയാറ്റിലൂടെയുള്ള സഞ്ചാരമായിരുന്നു പ്രധാന മാര്‍ഗം.
ഈ ജലമാര്‍ഗ്ഗത്തില്‍ ഇടത്താവളങ്ങളായി നിരവധി മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അതില്‍ പ്രസിദ്ധമായ ഒന്നായിരുന്നു കവുങ്ങുംപ്രയാറിന് സമീപമുള്ള "ചെറുനാട്ട് മഠം". പിന്നീട് ഈ മഠവും അതിനോട് ചേര്‍ന്ന പ്രദേശങ്ങളും ചെറുനാട്ട് ഇല്ലക്കാരുടെ കൈവശമായി.
പ്രസിദ്ധമായ ഈ ഇല്ലമാണ് മലയാളികളുടെ മഹാകവിയായ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ജന്മമേകിയത്.
കൊല്ലവര്‍ഷം 990-ല്‍ ഇടപ്പള്ളി രാജാക്കന്മാര്‍ കണ്ടെഴുത്ത് നടത്തി തങ്ങളുടെ ഭൂപ്രദേശം പ്രജകള്‍ക്ക് പതിച്ചുനല്‍കി കരം പിരിച്ചിരുന്നു. എന്നാല്‍ 1956 ജനുവരിയില്‍ ഈ അവകാശാധികാരം ജനകീയ സര്‍ക്കാരില്‍ നിക്ഷിപ്തമായി.
പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുപോയ ഒരു മണ്‍ചിറയുടെ സുസ്ഥിരതയ്ക്കായി "കണ്ടന്‍" എന്ന സാധുവിനെ ജീവനോടെ കുരുതി കഴിച്ചെന്ന ഐതീഹ്യവുമായി ബന്ധപ്പെട്ട "കണ്ടന്‍ചിറ" ഇന്നും ഈ ഗ്രാമത്തിന്റെ സാമൂഹികചരിത്രത്തിലെ കറുത്ത അധ്യായമായി ഓര്‍മ്മിക്കപ്പെടുന്നു.
എന്നാല്‍ ഈ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിച്ച സാമൂഹിക വിപ്ലവകാരിയായിരുന്നു പുല്ലേലിക്കല്‍ തേവന്‍ ആശാന്‍.
1113-ല്‍ തിരുവിതാംകൂറില്‍ രൂപീകൃതമായ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന നിവര്‍ത്തന സമരത്തിലും സര്‍ സി.പി.യുടെ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളിലും പുറമറ്റം പഞ്ചായത്തിലെ ജനങ്ങള്‍ സജീവമായി പങ്കെടുത്തു.
സാംസ്കാരിക ചരിത്രം
ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായങ്ങള്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്നത് ഈ പഞ്ചായത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.
പഞ്ചായത്തില്‍ നാല് ഹൈന്ദവ ക്ഷേത്രങ്ങളും, പതിനാറ് ക്രൈസ്തവ വിശ്വാസമന്ദിരങ്ങളും, ഒരു മുസ്ലീം പള്ളിയും പ്രവര്‍ത്തിക്കുന്നു.
എന്‍.എസ്‍.എസ്., എസ്.എന്‍.ഡി.പി., പി.ആര്‍.ഡി.എസ്., കെ.പി.എം.എസ്., വിശ്വകര്‍മ്മ മഹാസഭ, സാംബവ മഹാസഭ, വേട്ടുവര്‍ മഹാസഭ, വണ്ണാര്‍ പതിയാന്‍, അയ്യപ്പ സേവാസംഘം, വിളക്കിത്തല നായര്‍ സമാജം തുടങ്ങിയ സംഘടനകള്‍ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സജീവമാണ്.
പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഹൈന്ദവ ക്ഷേത്രമാണ് തൃക്കയില്‍ ക്ഷേത്രം. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ഉത്സവവും കാവടിയാട്ടവും ഏറെ പ്രസിദ്ധമാണ്. കോമളം കടവിലെ കോമളാദേവി ക്ഷേത്രവും പ്രധാന ആരാധനാകേന്ദ്രമാണ്.
1841-ല്‍ സ്ഥാപിതമായ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ദേവാലയമാണ്. കവുങ്ങുംപ്രയാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി (1875), വെണ്ണിക്കുളം സെന്റ് തോമസ് കത്തോലിക്കാപള്ളി (1935) എന്നിവയും ശ്രദ്ധേയമായ ആരാധനാകേന്ദ്രങ്ങളാണ്.
വാലാങ്കര മുസ്ലീം ജമാഅത്ത് മുഹയ്ദ്ദീന്‍ പള്ളിയാണ് പഞ്ചായത്തിലെ ഏക മുസ്ലീം ദേവാലയം.