ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമ ചരിത്രം
മണിമലയാര്‍ ഈ ഗ്രാമത്തിന്റെ വടക്കുംഇരവിയുടെ പെരിയ ഊരായ ഇരവിപേരൂര്‍ പടിഞ്ഞാറുംകോവിലപുരമായ കോയിപ്പുറവുംഐതീഹ്യ പ്രസിദ്ധമായ എഴുമറ്റൂരും തെക്കും കിഴക്കുമുളള അതിര്‍ത്തികളില്‍ കോട്ടപോലെ കാവല്‍ നില്‍ക്കുന്നു. മഹത്തായ ഒരു ചരിത്ര പൈതൃകം പേറുന്ന ഈ ഗ്രാമത്തിന്റെ പേരിന്റെ ഉല്പത്തിയെപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. സ്ഥല പുരാണമനുസരിച്ച് പുറകിലെ മുറ്റം’ പുറമുറ്റം ആകുകയും കാലാന്തരത്തില്‍ അത് പുറമറ്റം’ എന്നായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് ഇതില്‍ ഒരു ഭാഷ്യം. ഇതിനു പിന്നില്‍ വിശ്വസനീയമായ ഒരു ചരിത്ര സത്യവും നിലവിലുണ്ട്. കൊല്ലവര്‍ഷം ഒന്നാം ശതകത്തിന്റെ അവസാന കാലയളവില്‍ കണ്ണന്‍ ചോവന്‍ എന്നൊരാള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു. വിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഉടമയായിരുന്ന ഇയാളുടെ പുരയുടെ പുറകിലെ മുറ്റത്തോടു ചേര്‍ന്ന് ഒരു ചെറിയ ചന്ത പ്രവര്‍ത്തിച്ചിരുന്നു. പില്‍ക്കാലത്ത് ഈ ചന്ത ഗ്രാമത്തിലെ ഒരു സുപ്രധാന വ്യാപാര കേന്ദ്രായി വളരുകയും പുറകിലെമുറ്റത്ത് പ്രസിദ്ധമായിത്തീര്‍ന്ന ഈ പ്രദേശം ആദ്യം പുറമുറ്റം’ ആയി തീരുകയും പിന്നീട് പുറമറ്റം എന്നായി മാറുകയും ചെയ്തുവെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.

സാമൂഹിക ചരിത്രം
പഴയ തിരുവിതാംകൂറിലെ അജയ്യനായ ഭരണാധികാരി ചേരമാന്‍ പെരുമാള്‍ തന്റെ ഇഷ്ട തോഴനായ ഇടപ്പള്ളി തമ്പുരാന്ഇഷ്ടദാനം ചെയ്ത അഞ്ച് ഭൂപ്രദേശങ്ങളില്‍ ഒന്നായിരുന്നു കല്ലൂപ്പാറ പ്രദേശം. കല്ലൂപ്പാറ, പുറമറ്റംമല്ലപ്പളളിആനിക്കാട്കോട്ടാങ്ങാല്‍ എന്നിങ്ങനെ അഞ്ചു ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്തിന്റെ ആ സ്ഥാനം കല്ലൂപ്പാറയായിരുന്നു. സുപ്രസിദ്ധമായ കല്ലൂപ്പാറ ദേവീക്ഷേത്രത്തിന്റെ മറുകരയിലായി മണിമലയാറിന്റെ തീരത്ത് പുറമറ്റം ഗ്രാമത്തിലായിരുന്നു ഇടപ്പള്ളിത്തമ്പുരാക്കന്മാരുടെ ആസ്ഥാനമാളിക. തടിയില്‍ പണിതീര്‍ത്ത ഈ രാജവസതിയെ കുളിപ്പുര മാളികയെന്നും വേനല്‍ക്കാല വസതിയെന്നു വിളിച്ചുപോന്നിരുന്നു. രാജാക്കന്മാര്‍ ഭരണ നിര്‍വ്വഹണം നടത്തിയിരുന്നത് ഈ മാളികയില്‍ എഴുന്നള്ളിയിരുന്നാണ്. പുറമറ്റത്തിന്റെ പുരാണേതിഹാസം വിളിച്ചോതുന്ന ഈ മാളികയോടു ചേര്‍ന്ന് ഒരു മഠവും സ്ഥാപിച്ചിരുന്നു. വിസ്തൃതമായ കല്ലൂപ്പാറ പ്രദേശത്തിന്റെ ഭരണ നിര്‍വ്വഹണത്തിന് മണിമലയാറ്റിലൂടെയുള്ള സഞ്ചാരമേ അന്നു സാധ്യമായിരുന്നുള്ളൂ. ഈ ജല മാര്‍ഗ്ഗമദ്ധ്യേ ഇടത്താവളങ്ങളായി മറ്റു ചില മഠങ്ങളും സ്ഥാപിച്ചിരുന്നു. ഈ കൂട്ടത്തില്‍ പ്രസിദ്ധമായ ഒരു മഠമായിരുന്നു പുറമറ്റം പഞ്ചായത്തിലെ കവുങ്ങുംപ്രയാറിനു സമീപമുള്ള ചെറുനാട്ടു” മഠം. പില്‍ക്കാലത്ത് ഈ മഠവും അതിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളും ചെറുനാട്ട് ഇല്ലക്കാരുടെ കൈവശാവകാശത്തിലായി. പ്രസിദ്ധമായ ഈ ഇല്ലമാണ് മലയാളികളുടെ മഹാകവിയായ  വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ജന്മമേകിയത്. കൊല്ലവര്‍ഷം 990-ല്‍ ഇടപ്പളളി രാജാക്കന്മാര്‍ കണ്ടെഴുത്തു നടത്തി തങ്ങളുടെ ഈ ഭൂപ്രദേശം പ്രജകള്‍ക്കായി പതിച്ചു നല്‍കി കരം പിരിച്ചിരുന്നു എന്നാല്‍ 1956 ജനുവരിയില്‍ ഈ അവകാശാധികാരം ജനകീയ സര്‍ക്കാരില്‍നിക്ഷിപ്തമായി. പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുപോയ ഒരു മണ്‍ചിറയുടെ സുസ്ഥിരമായ ഉറപ്പിനുവേണ്ടി കണ്ടന്‍ എന്ന സാധുവിനെ ജീവനോടെ കുരുതി കഴിച്ച് മണ്‍ചിറയെ മണ്‍കോട്ട’ യാക്കി മാറ്റിയ കണ്ടന്‍ചിറ’ ഈ ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഒരു കറുത്ത പാടായി ഇന്നും അവേശഷിക്കുന്നു. പക്ഷേ ഈ കറുത്ത യുഗത്തിലും ഇത്തരം സാമൂഹിക ജീര്‍ണ്ണതയ്ക്കെതിരെ പടപൊരുതുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്ത ഒരു സാമൂഹിക വിപ്ളവകാരിയായിരുന്നു ഈ ഗ്രാമത്തിന്റെ പുരാചരിത്രത്തില്‍ വെള്ളിവെളിച്ചം വിതറിയ പുല്ലേലിക്കല്‍ തേവന്‍ ആശാന്‍”. 1113-ല്‍ തിരുവിതാംകൂറില്‍ രൂപീകൃതമായ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന നിവര്‍ത്തന സമരത്തില്‍ പുറമറ്റം പഞ്ചായത്ത് സാരമായ പങ്കു വഹിക്കുകയുണ്ടായി. സര്‍ സി പി യുടെ കിരാത ഭരണത്തിനെതിരായി നാടെങ്ങും അലയടിച്ചുയര്‍ന്ന ജനകീയ പ്രക്ഷോഭണത്തില്‍ ഈ നാട്ടിലെ ജനനേതാക്കള്‍ സജീവ പങ്കാളിത്തം വഹിച്ചു.

സാംസ്കാരിക ചരിത്രം
ഹൈന്ദവ-ക്രൈസ്തവ-മുസ്ളീം സമുദായങ്ങള്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്നത് ഈ പഞ്ചായത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. 4 ഹൈന്ദവ ക്ഷേത്രങ്ങളും 16 ക്രൈസ്തവ വിശ്വാസ മന്ദിരങ്ങളുംഒരു മുസ്ളീം പള്ളിയും ഈ പഞ്ചായത്തില്‍ ഉണ്ട്. എന്‍ എസ് എസ്എസ്.എന്‍.ഡി.പിപി.ആര്‍.ഡി.എസ്കെ.പി.എം.എസ്വിശ്വകര്‍മ്മ മഹാസഭസാംബവ മഹാസഭവേട്ടുവര്‍ മഹാസഭവണ്ണാര്‍ പതിയാന്‍, അയ്യപ്പ സേവാസംഘംവിളക്കിത്തല നായര്‍ സമാജം തുടങ്ങിയ സാമുദായിക സംഘടനകളും ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. പഴക്കംകൊണ്ടും പ്രാമുഖ്യംകൊണ്ടും പഞ്ചായത്തിലെ തൃക്കയില്‍ ക്ഷേത്രം ഹൈന്ദവ ക്ഷേത്രങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. വര്‍ഷംതോറും ശിവരാത്രിയോടനുബന്ധിച്ച് ആഘോഷിക്കുന്ന ഉത്സവവും അനുബന്ധമായി നടത്തുന്ന കാവടിയാട്ടവും വളരെ പ്രസിദ്ധമാണ്. കോമളം കടവില്‍ സ്ഥിതിചെയ്യുന്ന കോമളാദേവി ക്ഷേത്രവും പ്രസിദ്ധമാണ്. 1841-ല്‍ സ്ഥാപിതമായ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയാണ് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ദേവാലയം. കവുങ്ങും പ്രയാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി 1875-ലും വെണ്ണിക്കുളം സെന്റ് തോമസ് കത്തോലിക്കാപള്ളി 1935-ലും ഈ ഗ്രാമത്തില്‍ സ്ഥാപിതമായി. വാലാങ്കര മുസ്ളീം ജമ:അത്ത് മുഹയ്ദ്ദീന്‍ പള്ളിയാണ് പഞ്ചായത്തിലെ ഏക മുസ്ളീം ദേവാലയം.